ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്‍പായി ദേശീയ ഗാനം കേൾപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധനയ്ക്ക്. രാജ്യസ്നേഹം ജനങ്ങളില്‍ അടിച്ചേൽപ്പിക്കാനാവില്ല എന്നും . ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും ഇടക്കാല ബെഞ്ച് പരാമർശം നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് ആയിരുന്നു രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്‍പായി ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ വിധിയാണ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 


ഈ ഉത്തരവില്‍  നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജെ. ചന്ദ്രചൂഢ് പരാമർശം നടത്തിയത്. സുപ്രീം കോടതി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവില്‍ തീയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നായിരുന്നു പറഞ്ഞിരുന്നത്. 


ദേശീയ ഗാനത്തിന്‍റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും ഈ സമയത്ത് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റു നിൽക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്നുമാണ് അന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നത്. 


ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് സിനിമാ തീയറ്ററുകളില്‍ ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതിനെ അവരുടെ ഉള്ളിലെ രാജ്യസ്നേഹം അളക്കാനുള്ള മാനദണ്‌ഡമായി കാണുവാന്‍ കഴിയില്ല എന്നും സുപ്രീംകോടതി പറഞ്ഞു.