മുംബൈ: വിജയത്തിന്‍റെ ബഹുമതി സ്വന്തമാക്കാന്‍ മത്സരിക്കുമ്പോള്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും നേതൃത്വം തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൂനെ ജില്ലാ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. 


‘വിജയത്തിന് ഒരുപാട് പിതാക്കന്‍മാരുണ്ടാകും. എന്നാല്‍ പരാജയം എപ്പോഴും അനാഥനായിരിക്കും. വിജയം നേടുമ്പോള്‍ അതിന്‍റെ മേന്‍മ സ്വന്തമാക്കാന്‍ മത്സരമുണ്ടാകും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടും’, ഗഡ്കരി പറഞ്ഞു. 


രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി തോറ്റതിനു പിന്നാലെയാണ് ഗഡ്കരിയുടെ ഈ പരാമര്‍ശം. തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടം വരെ, നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാര്‍ഥത തെളിയിക്കപ്പെടുകയില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.


ബിജെപിയിലെ വ്യത്യസ്ത കാഴ്ചപ്പാടുള്ള നേതാവാണ് താനെന്ന് തെളിയിക്കും വിധമാണ് ഗഡ്കരിയുടെ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.