ന്യൂഡല്‍ഹി: ആധാറിന്‍റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് രാജ്യത്ത് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.


 



അതേസമയം, ഏകീകൃത സംവിധാനം അനുകൂലിച്ചതിനൊപ്പം ചില നിയന്ത്രണങ്ങളോടെ ആധാർ നടപ്പാക്കാമെന്ന് സുപ്രീംകോടതി നിലപാടു സ്വീകരിച്ചതോടെ ആധാർ നിർബന്ധമാക്കൽ നടപടികളുമായി ഇനി സർക്കാരിനു മുന്നോട്ടു പോകാം. 


ധനബില്ലായി ആധാർ നിയമം പരിഗണിക്കാമെന്ന വിധിയാണ് കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസമായത്. ധനബില്ലായി അവതരിപ്പിക്കുന്നതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ പടി കടക്കാതെ തന്നെ ആധാർ നിയമത്തിനു സാധുതയായി. ആധാർ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.


ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് സുപ്രീംകോടതി ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ആധാറിന്‍റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്‍റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് ഹർജികൾ കേട്ടത്. മൂന്നു ജസ്റ്റിസുമാര്‍ ആധാർ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോൾ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി.