ന്യൂഡൽഹി: അതിർത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദ പ്രവർത്തനം പാക്കിസ്ഥാൻ നിർത്തണമെന്നും ഇല്ലെങ്കിൽ വീണ്ടും  മിന്നലക്രമണത്തിന് തയാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സുസജ്ജമാണ്. ആവശ്യമെങ്കില്‍ വീണ്ടും പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തുമെന്നും കരസേനാ മേധാവി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഏതു നടപടിയും സൈന്യം സ്വീകരിക്കുമെന്നുംഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരസേനാ മേധാവി പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍


സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന സൈനികന്‍റെ പരാതിയില്‍ നടപടിയുണ്ടാകും. എന്നാല്‍ സൈനികരുടെ ജോലിയുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യകതമാക്കി. ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ മാദ്ധ്യമങ്ങള്‍ മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും മാദ്ധ്യമങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും റാവത്ത് പറഞ്ഞു.


തങ്ങൾക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയർത്തി രണ്ട് സൈനികർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ടിരുന്നു. സംഭവം രാജ്യത്ത് ചർച്ചയായതിന് പിന്നാലെ സൈനിക ക്യാമ്പുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കളും ഇന്ധനവും പുറത്തേക്ക് അനധികൃത മാർഗത്തിൽ  വിൽപന നടത്തുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.