ഭോപാല്‍:മധ്യപ്രദേശില്‍ രാഷ്ട്രീയ സസ്പെന്‍സ് തുടരുന്നു.സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ഠന്‍റെ നിര്‍ദേശം സ്പീക്കറും മുഖ്യമന്ത്രിയും തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ചത്തെ നിയമസഭയുടെ ലിസ്റ്റ് ഓഫ് ബിസ്നെസ്സില്‍ വിശ്വാസവോട്ടിനെ കുറിച്ച് പറയുന്നില്ല.സഭയില്‍ ഗവര്‍ണര്‍ നയപ്രസംഗം നടത്തുമെന്ന് ലിസ്റ്റ് ഓഫ് ബിസ്നെസ്സില്‍ പറയുന്നുണ്ട്.എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രി കമല്‍നാഥ്‌ തയ്യാറാകണമെന്നും ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാര്‍ തുടരുന്നതിനായി കമല്‍നാഥ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാതെ ഓടിഒളിക്കുകയാണെന്നും ആരോപിച്ചു.


സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് കമല്‍നാഥ് തയ്യാറാവുകയാണ് വേണ്ടതെന്നും ചൗഹാന്‍ പറഞ്ഞു.നേരത്തെ ഭൂരിപക്ഷം തെളിയിക്കുന്നതിന് തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു.എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്ന് മാറിയതായാണ് വ്യക്തമാകുന്നത്.നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയും മുഖ്യമന്ത്രി കമല്‍നാഥി നെ വിമര്‍ശിച്ച് രംഗത്ത് വന്നു.ഗവര്‍ണറുടെ ഉത്തരവ് മറികടന്ന സ്പീക്കറുടെ നടപടിയില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച അദ്ധേഹം ഈ വിഷയം സഭയില്‍ ഉന്നയിക്കുമെന്നും പറഞ്ഞു.22 എംഎല്‍എ മാര്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യമാണുള്ളത്.കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാധിത്യ സിന്ധ്യയുടെ അനുകൂലികളാണ് ഈ എംഎല്‍എ മാര്‍.ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപെട്ടത്‌.


ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.എന്നാല്‍ പിന്നാലെ പുറത്തിറക്കിയ നിയമസഭയുടെ ലിസ്റ്റ് ഓഫ് ബിസിനെസ്സില്‍ വിശ്വാസവോട്ട് ഉള്‍പെട്ടിട്ടില്ല.ഈ സാഹചര്യത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സും ബിജെപിയും എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് നിലനില്‍ക്കുകയാണ്.കനത്ത സുരക്ഷയിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.