ചെന്നൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടി. എട്ടിനെതിരെ 122 വോട്ടുകള്‍ക്കാണ് പളനിസാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായത്. പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു സഭയില്‍ വോട്ടെടുപ്പ് നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബ്ദവോട്ടെടുപ്പാണ് നടന്നതെന്നാണ് വിവരം. വോട്ടെടുപ്പിന്‍റെ സമയത്ത് അണ്ണാ ഡിഎംകെയുടെ 133 എംഎൽഎമാർ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരിൽ പനീർസെൽവം ഉൾപ്പെടെ 11 എംഎൽഎമാർ എതിർത്തു വോട്ടു ചെയ്തു. 


 



 


പാർട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തിൽ ഇവരുടെ എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. വൻബഹളത്തെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കറുടെ അനുമതിയോടെ സഭയിൽനിന്നും ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്. ഡിഎംകെ, കോൺഗ്രസ്, മുസ്‍ലിം ലീഗ് എംഎൽഎമാരെയണ് പുറത്താക്കിയത്. ബഹളം നിമിത്തം രണ്ടു തവണ നിർത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.


അതേസമയം, സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. പളനിസാമിയുടെ വിശ്വാസവോട്ടിന് നിയമസാധുതയില്ലെന്ന് കാണിച്ച് സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും.