ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ബഹളം രൂക്ഷമായതോടെ ഒരുമണി വരെ സമ്മേളനം നിർത്തിവച്ചു. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കിൽ രഹസ്യവോട്ടെടുപ്പിന് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ സ്പീക്കർ പി.ധനപാൽ തള്ളിയതിൽ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാർ കൈയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.+


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടും ഇത്രയും പെട്ടന്ന് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം എന്തെന്ന് സ്റ്റാലിന്‍ ചോദിച്ചു. എംഎല്‍എമാരെ മോചിപ്പിച്ചിട്ട് മതി വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍ ബഹളം തുടങ്ങി. നിയമസഭാ മന്ദിരത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതും ബഹളത്തിന് കാരണമായി.


സംസാരിക്കാന്‍ അവസരം ലഭിച്ച സ്റ്റാലിന്‍ വിശ്വാസവോട്ടിന് എന്തിനാണ് ഇത്ര തിടുക്കമെന്ന് ചോദിച്ചു.ജനാധിപത്യം സംരക്ഷിക്കണമെന്നും നിയമസഭയില്‍ വിമര്‍ശനം ഉയര്‍ത്തി.സഭയില്‍ ജനങ്ങളുടെ വികാരമാണ് പ്രതിഫലിക്കേണ്ടതെന്ന് പനീര്‍ശെല്‍വവും അറിയിച്ചു.


പളനിസ്വാമിയെ പിന്തുണയ്ക്കില്ലെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെ നേരത്തെ അറിയിച്ചിരുന്നു.വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


അതേസമയം ചെന്നെയില്‍ പനീര്‍ശെല്‍വം വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്.പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പുതിയ മന്ത്രിസഭയ്‌ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ആകെ 234 സീറ്റുകളാണ് തമി‌ഴ്‌നാട് നിയമസഭയിലുള്ളത്. ഇതില്‍ ശശികല വിഭാഗത്തില്‍ 124 സീറ്റുകളുണ്ട്. പനീര്‍‌ശെല്‍‌വത്തിനൊപ്പം 12 പേരുണ്ട്. ഡി‌എം‌കെയില്‍ 89 പേരും. കോണ്‍ഗ്രസിന് എട്ട് സമാജികരുമുണ്ട്. എന്നാല്‍ വിശ്വാസവോട്ടിന് മൂന്ന് അംഗങ്ങള്‍ എത്തില്ല, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും, കോയബത്തൂര്‍ നോര്‍ത്ത് പോയിന്റ് എംഎല്‍എ അരുണ്‍കുമാറുമാണ് വോട്ടിങിന് എത്താതിരിക്കുന്നത്.