ക്വാലാലംപുര്‍: ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്‍റെ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഈ പ്രതിഷേധം അറിയിച്ചത്.  


മലേഷ്യയില്‍ നടന്ന ക്വാലാലംപുര്‍ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചത്. 


ജനങ്ങള്‍ മരിച്ചുവീഴുകയാണ്, അത് കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നു? മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്, എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.


കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ  ഭേദഗതി നിയമം കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 


എന്നാല്‍, അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയത്. 


മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കൂടാതെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതിനുശേഷമാണ് മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്.  


ഐക്യരാഷ്ട്രസഭയെക്കൂടാതെ, അമേരിക്കയടക്കം നിരവധി വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ നിരീക്ഷിക്കുകയാണ്. കൂടാതെ, അമേരിക്ക ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 


അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധം അലയടിക്കുകയാണ്. 


അതിനിടെ, പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.