ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വ്യോമ, റെയില്‍, റോഡ്‌ ഗതാഗതം തടസപ്പെട്ടു. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും ഡൽഹിയുടെ വിവിധ മേഖലകളിലുമാണ് കനത്ത മൂടൽ മഞ്ഞുണ്ടായത്. 11 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില.


നിരവധി അന്താരാഷ്ട്ര, ആഭ്യന്തര വ്യോമ സർവ്വീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. 40ഓളം ട്രെയിനുകൾ വളരെ വൈകിയാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘ ദൂര യാത്ര ചെയ്യുന്നവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഡൽഹി–നോയിഡ, ഡൽഹി–ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേകളിലാണ് ഗതാഗതം തടസപ്പെട്ടത്. അടുത്ത ഏഴ് ദിവസത്തേയ്ക്ക് മൂടൽമഞ്ഞുണ്ടാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.