ചെന്നൈ: ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായകനുമായ കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാന്‍ രാജാജി ഹാളിനുമുന്നില്‍ തടിച്ചുകൂടി അനേകായിരങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരിച്ച നേതാവിനെ ഒരുനോക്കു കാണാനായി ഇന്നലെ രാത്രി മുതല്‍ രാജാജി ജന സഹസ്രങ്ങള്‍ ഹാളിലേക്കൊഴുകുകയാണ്‌. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നു കലൈഞ്ജരുടെ ഭൗതികദേഹം പുലര്‍ച്ചെ അഞ്ചോടെയാണ്‌ രാജാജി ഹാളിലെത്തിച്ചത്. അതിനുമുന്‍പേ തന്നെ ഹാളിനുമുന്നില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. 


അതേസമയം, സംസ്‌കാര സ്‌ഥലത്തെ കുറിച്ച്‌ ഇപ്പോഴും ധാരണയായിട്ടില്ല. മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന്‌ സ്‌ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ ഇപ്പോഴും വാദം തുടരുകയാണ്‌. ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു.


കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ഏറെക്കാലം തമിഴ‌്നാട‌് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സംഭാവനകള്‍ പരിഗണിച്ച‌് സംസ‌്കാരച്ചടങ്ങുകള്‍ക്ക‌് മറീന ബീച്ചില്‍ സി എന്‍ അണ്ണാദുരൈയുടെ സമാധിക്കടുത്തായി സ്ഥലം അനുവദിക്കണമെന്ന‌് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമക്കുരുക്കുകള്‍ ഉണ്ടെന്നാണു തെളിവുകള്‍ സഹിതം അണ്ണാ ഡിഎംകെ സര്‍ക്കാര്‍ മറുവാദമുന്നയിക്കുന്നത്. പകരമായി ഗാന്ധി മണ്ഡപത്തിന‌് സമീപം രണ്ട‌് ഏക്കറാണ‌് അനുവദിച്ചത‌്. രാജാജി, കാമരാജ‌് സമാധികളുടെ അടുത്തായാണ‌് ഇത‌്.