ഡല്‍ഹി: കനത്ത പോരാട്ടത്തിന്‍റെ പരിണിത ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അതിനു സാക്ഷ്യം വഹിക്കാന്‍ സംസ്ഥാനത്തിന്‍റെ മൂന്ന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഇന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, ഷീലാ ദീക്ഷിത് എന്നിവരാണ് ഇന്നത്തെ ഫലം അറിയാന്‍ ഇല്ലാത്തത്.  ഡല്‍ഹി കാ ഷേര്‍ എന്നറിയപ്പെട്ടിരുന്ന മദന്‍ലാല്‍ ഖുറാന 2018 ഒക്ടോബര്‍ 27 നാണ് അന്തരിച്ചത്.


1965-67ല്‍ ഭാരതീയ ജനസംഘത്തിന്‍റെ ഡല്‍ഹി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഖുറാന 1977  ല്‍ മെട്രോപ്പൊളിറ്റന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിന്‍റെ പടവുകള്‍ കയറിയത്. 


1993 ല്‍ പ്രത്യേക പദവിയുള്ള സംസ്ഥാനമായി ഡല്‍ഹി രൂപപ്പെട്ടപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് ഖുറാന ആയിരുന്നു. 


1998 ല്‍ ആയിരുന്നു സുഷമ സ്വരാജ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തത്. പക്ഷെ അധികകാലം ഡല്‍ഹി ഭരിക്കാന്‍ സുഷമയ്ക്ക് സാധിച്ചില്ല. 1998 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ 3 വരെ മാത്രമേ സുഷമ സ്വരാജിന് മുഖ്യമന്ത്രി പദം അലങ്കരിക്കാന്‍ കഴിഞ്ഞുള്ളൂ.


തുടര്‍ന്ന് 1998 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലെത്തിക്കാന്‍ സുഷമ സ്വരാജിന് കഴിഞ്ഞില്ല. 


പകരം അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ നേതാവ് ഷീലാ ദീക്ഷിത് 15 വര്‍ഷം ഡല്‍ഹി ഭരിച്ചു. 2013 വരെയാണ് ഷീല ദീക്ഷിത് ഡല്‍ഹി ഭരിച്ചത്. 2019 ജൂലൈ 20 ന് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഷീലാ ദീക്ഷിത് മരണമടഞ്ഞു.  അതേ വര്‍ഷം ആഗസ്റ്റ് 6 ന് സുഷമ സ്വരാജും വിടവാങ്ങിയിരുന്നു.


സാധാരണക്കാരെയും സ്ത്രീകളെയും ചേര്‍ത്തു നിര്‍ത്തിയിരുന്ന ഷീലാ ദീക്ഷിത്തിനെയും, സുഷമാ സ്വരാജിനെയും മറക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് ഒരിക്കലും കഴിയില്ല പ്രത്യേകിച്ചും മലയാളികള്‍ക്ക് എന്ന കാര്യത്തില്‍ സംശയമില്ല.


എന്തായാലും ഡല്‍ഹി നിവാസികള്‍ കണ്ണുംനട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.  സര്‍ക്കാര്‍ ആര് നേടുമെന്ന കാര്യം കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു.