COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ സംസ്ഥാന മുഖ്യമന്ത്രി ഇ. പളനിസ്വാമി ഇന്നലെ ഉത്തരവിട്ടിരുന്നു. 
 
സ്ഥിരമായി അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ജനകീയ വികാരം മാനിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. അതുകൂടാതെ പ്ലാന്‍റ് ഇനി ഒരിക്കലും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും പറഞ്ഞിരുന്നു. 


അതേസമയം, സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടുന്നതു വഴി പ്ലാന്‍റില്‍ ജോലിചെയ്യുന്ന 50,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. എന്നാല്‍, ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരോ കമ്പനിയോ ഇതുവരെ അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല.


അതുകൂടാതെ, സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടുന്നത് 800 ചെറുകിട സംരംഭകരെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേബിൾ നിർമ്മാതാക്കള്‍, വിൻഡ് വയർ യൂണിറ്റ്, ട്രാൻസ്ഫോർമർ നിർമ്മാതാക്കള്‍ തുടങ്ങിയവരെ ഇത് സാരമായി ബാധിക്കും.
 
അതേസമയം, രാജ്യത്തെ കോപ്പര്‍ നിര്‍മ്മാണ കമ്പനികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നായിരുന്നു തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ്. ഇത് അടച്ചുപൂട്ടുന്നതു വഴി രാജ്യത്തെ കോപ്പര്‍ ഉത്‌പാദനത്തെയും ഇത് സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. 


മലിനീകരണ ബോര്‍ഡിന്‍റെ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ ഇവിടെ മാസങ്ങളായി സമരം നടന്നു വരികയായിരുന്നു. പ്രദേശവാസികളില്‍ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വ്യാപകമായി പിടിപെട്ടതോടെയാണ് ജനങ്ങള്‍ എതിര്‍പ്പുമായി എത്തിയത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി സമരം ചെയ്ത 13 പേരാണ് അടുത്തിടെ സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ  വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 


വേദാന്ത ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാന്‍റ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വെടിവയ്പ്പിനെ കുറിച്ച്‌ അന്വേഷിക്കാന്‍ റിട്ട. ജഡ്ജി അരുണ ജഗദീശനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.