ന്യൂഡൽഹി: 2 ജി സ്​പെക്​ട്രം അഴിമതിക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്​തരാക്കിയ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതി​രെ ഹൈക്കോടതിയെ സമീപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈക്കോടതിയിൽ അപ്പീൽ നൽകിക്കൊണ്ട്​ സർക്കാർ അഴിമതി തെളിയിക്കണമെന്നാണ്​ 2ജി സ്പെക്‌ട്രം  അഴിമതിയ്ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടത്. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്, അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ​മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്​തയാക്കിയ കർണാടക ഹൈക്കോടതിയുടെ വിധിയ്ക്കെതിരായി വന്ന സുപ്രീംകോടതി വിധിയായിരുന്നു.


കൂടാതെ സി.ബി.ഐ കോടതി വിധിയെ സ്വാഗതം ചെയ്ത മുൻ അറ്റോർണി ജനറൽ മുകുൾ രോഹാത്ഗിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. മുകുൾ രോഹാത്ഗിയെ അറ്റോർണി ജനറലായി നിയമിച്ചപ്പോള്‍ അതിനെതിരെ താന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു എന്നും അഴിമതിക്കാരായ പല കമ്പനികളുടെയും വക്കാലത്ത് നടത്തിയ ആളായിരുന്നു മുകുള്‍ എന്നും സ്വാമി പറഞ്ഞു.
 ഇത്തരം ആളുകള്‍ പ്രമുഖ സ്ഥാനത്തെത്തുന്നത്, സര്‍ക്കാരിന്‍റെ അഴിമതിയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആളുകളില്‍ തെറ്റായ ധാരണ ഉളവാക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കൂടാതെ ഈ വിധിയില്‍ നിന്നും പഠം പഠിക്കണമെന്നും അഴിമതിയ്ക്കെതിരെയുള്ള യുദ്ധം തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.