ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട സ്വാഭിമാനി എക്‌സ്പ്രസ് എത്തിയത് മധ്യപ്രദേശില്‍. ഒന്നും രണ്ടും കിലോമീറ്ററൊന്നുമല്ല വഴി തെറ്റിയത്, 160 കിലോ മീറ്ററാണ് വഴിതെറ്റിയത്. റോഡ് യാത്രയില്‍ വഴിതെറ്റിപ്പോവുന്നത് കേട്ടിട്ടുണ്ട്. തെറ്റായി ലഭിച്ച സിഗ്നലാണ് ട്രെയിന്‍ വഴി തെറ്റാന്‍ കാരണമെന്നാണ് റെയില്‍വെ പറയുന്നത്.


ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഇരുപതാം തീയതി നടന്ന അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് ശേഷം മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയില്‍ വലഞ്ഞത്. ഇവരെ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് റെയില്‍വെ അധികൃതര്‍. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു. ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു. 1494 യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്. ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകള്‍ വൈകി വ്യാഴാഴ്ചരാവിലെ മാത്രമേ ഇനി ലക്ഷ്യസ്ഥാനത്ത് എത്തൂ.