ലഖ്നൗ: വിവാദ പ്രസ്‌താവനകള്‍കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സന്യാസിയും ബിജെപി എംപിയുമായ സാക്ഷി മഹാരാജ്. അദ്ദേഹത്തിന്‍റെ മണ്ഡലമായ ഉന്നാവ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ ഉള്‍പ്പെട്ട പീഡന കേസുമായി ബന്ധപ്പെട്ട് എരിയുന്ന അവസരത്തിലാണ് എംപിയുടെ നിശാക്ലബ് ഉദ്‌ഘാടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നൗവിനടുത്തുള്ള അലിഗഞ്ചിലെ ജീത്ത് പ്ലാസയുടെ രണ്ടം നിലയില്‍ പുതുതായി തുടങ്ങുന്ന 'ലെറ്റസ് മീറ്റ്' എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച് സാക്ഷി മഹാരാജ് ഉദ്‌ഘാടനം ചെയ്തത്. 


നിശാക്ലബ് ഉദ്ഘാടനം വിവാദമായതോടെ താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. കൂടാതെ പാര്‍ട്ടി ഭാരവാഹിക്കെതിരെ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രജ്ജന്‍ സിംഗ്, അദ്ദേഹത്തിന്‍റെ മരുമകന്‍റെ റെസ്റ്റോറന്റാണെന്നാണ് തന്നോട് പറഞ്ഞതെന്നും അതിനാലാണ് താന്‍ ഉദ്ഘാടനത്തിന് പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏറെ വൈകിയാണ് താന്‍ ഇത് ഇത് ബാറും നിശാക്ലബുമാണെന്ന് തിരിച്ചറിഞ്ഞതെന്നും മഹാരാജ് പറഞ്ഞു. 


ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിമിനെ പിന്തുണച്ചതും പൊതു ഇടങ്ങളിലെ കമിതാക്കളുടെ  പരസ്യ പ്രകടനങ്ങളാണ് ബലാത്സംഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശവും വന്‍ വിവാദമായിരുന്നു.