ന്യൂഡല്‍ഹി: ചരിത്രത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും ലക്ഷ്യത്തിലെത്തിച്ചേരാന്‍ അലസതവെടിഞ്ഞ് മനസ്സുറപ്പോടെ മുന്നോട്ടുപോകണമെന്നും ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നും ഗാന്ധിയന്‍ ആശയങ്ങള്‍ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


വനിതകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ പരമപ്രധാന സ്ഥാനമുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ഇഷ്‌ടപ്രകാരം പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


എല്ലാവര്‍ക്കും വൈദ്യുതി, വെളിയിട വിസര്‍ജന വിമുക്തം, എല്ലാവര്‍ക്കും പാര്‍പ്പിടം, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉടന്‍ തന്നെ രാജ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
രാജ്യത്തെ എല്ലാ പൗരന്മാരും സ്വാതന്ത്ര്യദിനം അവധി ദിനമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്‍റെ അഭിമാനമാണെന്നും ഒരു പ്രതീകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


നമ്മുടെ പൂര്‍വ്വികരുടേയും സ്വാതന്ത്ര്യ സമര നേതാക്കളുടേയും കഠിന പരിശ്രമത്തിലാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്ക് ലഭ്യമായതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.