ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്നുവെന്ന് അണ്ണാ ഡി.എം.കെ അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഗവർണർ വിദ്യാസാഗർ റാവുവിനെ സന്ദർശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിനകരനടക്കം പത്ത് പേരടങ്ങുന്ന സംഘമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ സർക്കാർ ന്യൂനപക്ഷ സർക്കാർ ആണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തേയും തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. 


നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും ദിനകരൻ ഗവർണറോട് അഭ്യർത്ഥിച്ചു. 


സംസ്ഥാനത്തെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും ഗവർണർ അറിയിച്ചതായി ദിനകരൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചു ചേർത്ത യോഗത്തിൽ 111 എം.എൽ.എ മാർ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്ന് വർധിച്ച ആത്മവിശ്വാസത്തിലാണ് ഇ.പി.എസ്-ഒ.പി.എസ് ക്യാമ്പ്. സംസ്ഥാനത്ത് നിലനിൽക്കുന്നത് ന്യൂനപക്ഷ സർക്കാരാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും ഗവർണർക്ക് കത്ത് നൽകിയിരുന്നു. 


അടുത്ത ആഴ്ചയാണ് എ.ഐ.ഡി.എം.കെ പാർട്ടി ജനറൽ ബോഡി നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗത്തിൽ ദിനകരനേയും വി.എസ് ശശികലയേയും പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. നിലവിൽ 21 എം.എൽ.എമാർ ദിനകരപക്ഷത്തുണ്ട്.