ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടത്തുന്നത് ടുക്ക്‌ഡെ-ടുക്ക്‌ഡെ ഗ്യാങ്ങുകളാണെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിന്‍ഹ.


ടുക്ക്‌ഡെ-ടുക്ക്‌ഡെ ഗ്യാങ്ങില്‍ 2 പേരുണ്ട്, ദുര്യോധനും ദുശാസനനും, ഇരുവരും ബിജെപിയിലാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.


'ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ടുക്ക്‌ഡെ-ടുക്ക്‌ഡെ ഗ്യാങ്ങില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ, അത് ദുര്യോധനനും ദുശ്ശാസനനുമാണ്, ബിജെപിയില്‍ നിന്നുള്ള ഇരുവരേയും സൂക്ഷിക്കണം, സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. 


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട പ്ര​തി​ഷേ​ധ​ങ്ങള്‍ക്ക് കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചത്.


പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ ഡല്‍ഹിയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. രാജ്യത്തെ ഇത്തരം "ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങിനെ" ഒരു പാഠം പഠിപ്പിക്കാന്‍ സമയമായി അമിത് ഷാ പറഞ്ഞു. (പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്ന ചെറു പാര്‍ട്ടികളേയും ആക്രമിക്കാന്‍ ബിജെപി ആവിഷ്‌കരിച്ച പ്രയോഗമാണ് "ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്" എന്നത്). 


പൗരത്വ ഭേദഗതി പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്ത് നിന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ പാര്‍ലമെന്‍റില്‍ നിന്ന് പുറത്തിറങ്ങിയതോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഈ നഗരത്തിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. അവരെ വോട്ടര്‍മാര്‍ ശിക്ഷിക്കേണ്ട സമയമായി, അമിത് ഷാ പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ എതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ‘കോണ്‍ഗ്രസും അതിന്‍റെ സഖ്യകക്ഷികളും ചില അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.