ശ്രീനഗർ: കശ്മീരില്‍ സുരക്ഷാസേനയു പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സയർ അഹമ്മദ്​ ശൈഖാണ്​ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ്​ പൊട്ടിത്തെറിച്ച്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. അനന്ത്​ നാഗ്​ ജില്ലയിലെ യവാർ ഭട്ടാണ്​ സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് യൂവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. കശ്മീരിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വീടുകളില്‍ പോകാതെ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം തുടങ്ങിയ സംഘര്‍ഷത്തിന് ഇതുവരെ അയവു വന്നിട്ടില്ല. സംഘര്‍ഷത്തില്‍  75 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.


കഴിഞ്ഞ ദിവസം സംഘര്‍ഷം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കശ്മീരിലെ ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കൂടാതെ ഇനി വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിമത ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു