ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശശി തരൂരിന്‍റെ ട്വീറ്റ്. കുറ്റപത്രം അവിശ്വസനീയമെന്നും കോടതിയില്‍ നേരിടുമെന്നും തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി പൊലീസ് ഇന്ന് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹികപീഡനം എന്നിവ ചുമത്തിയിട്ടുണ്ട്. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 


സുനന്ദയെ അറിയുന്ന ആരും അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂര്‍ പറയുന്നു. ഡല്‍ഹി പൊലീസ് നാല് വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ ഇതാണോ കണ്ടെത്തിയതെന്നും തരൂര്‍ ചോദിക്കുന്നു. ആറ് മാസം മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞ പൊലീസ് ആറു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അവശ്വസനീയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. 


 



 



 


2014 ജനുവരി 17നായിരുന്നു ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമെന്ന് സംശയിക്കപ്പെട്ട കേസില്‍ ശശി തൂരിനെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം നീണ്ടു പോവുകയും ചെയ്തു. പൊലീസ് അന്വേഷണം നീളുന്നതില്‍ കോടതി പല തവണ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 


ഒടുവില്‍ നാല് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം മെയ് 24ന് കോടതി പരിഗണിക്കും.