ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING


പൊങ്കലിന് മുമ്പായി ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിൻെറ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ഇക്കഴിഞ്ഞ പത്താം തീയതി മുതല്‍ തുടങ്ങിയ വിദ്യാര്‍ഥി പ്രക്ഷോഭം ഇന്നലെ സംസ്ഥാനത്തെങ്ങും കത്തി പടരുകയായിരുന്നു. ക്ളാസുകള്‍ ബഹിഷ്കരിച്ച് കോളജ് വിദ്യാര്‍ഥികളാണ് സമര രംഗത്തുള്ളത്.


ബുധനാഴ്ച്ച രാവിലെ മുതല്‍ ചെറു ജങ്ഷനുകളില്‍ സംഘടിച്ച് ധര്‍ണ്ണ നടത്തിയ സമരക്കാര്‍ വൈകുന്നേരത്തോടെ ഒരുമിച്ച് കൂടുകയായിരുന്നു. ജെല്ലിക്കെട്ടിന് അനുമതി നൽകാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പ്രക്ഷോഭത്തെ തുടര്‍ന്ന്‍ തമിഴ്‌നാട്ടില്‍ ഇന്ന് കോളജുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.


അതേസമയം, മുഖ്യമന്ത്രി ഒ. പനീർസെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. തമിഴ്നാട്‌ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ വെള്ളത്തിന്‍റെ ക്ഷാമവും, ജെല്ലിക്കെട്ട്‌ നിരോധനവും പ്രധാന ചര്‍ച്ച വിഷയമായി. പരമ്പരാഗതമായി നടന്നു വരുന്ന  ജെല്ലിക്കെട്ട്‌ വിനോദം തമിഴ്നാട്ടില്‍ എത്രത്തോളം പ്രധാന്യമാണെന്ന് മനസിലാകുന്നു. എന്നാല്‍, കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ നിലവില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലയെന്ന്‍ മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്തു തീരുമാനം കൈകൊണ്ടാലും അതിന് പൂര്‍ണ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം, ഐടി ജീവനക്കാരും സമരത്തിന്‍റെ ഭാഗമായി. ചെന്നൈയ്ക്കു പുറമെ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ ഭാഗങ്ങളിലും രാത്രിയിലും സമരം തുടരുകയാണ്. പിന്തുണ പ്രഖ്യാപിച്ചു തമിഴ് സിനിമാ പ്രവർത്തകർ നാളെ നിരാഹാരമിരിക്കും. യുവത്വത്തിന്റെ സമരക്കരുത്തിൽ ഞെട്ടിയ സംസ്ഥാന സർക്കാർ ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുകയാണ്.  


 തമിഴ്നാടിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നാണ് മറീന ബീച്ചില്‍ നടക്കുന്നത്. കൊട്ടും പാട്ടും ആട്ടവുമായുള്ള പുതുതലമുറ സമരത്തിനു നേതാക്കളില്ല, രാഷ്ട്രീയക്കാരെ അടുപ്പിക്കുന്നില്ല .


ചൊവ്വാഴ്ചയാണ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നും മൃഗങ്ങളെ ക്രൂരവിനോദത്തിനിടയാക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്(പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഇന്നലെ മറീന ബീച്ചില്‍ സംഘടിച്ചതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിട്ടുണ്ട്.