ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ലോക്‌സഭ പാസാക്കിയിരുന്ന ബില്ല് രാജ്യസഭയില്‍ പാസാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഓര്‍ഡിനന്‍സ് അംഗീകരിച്ച സ്ഥിതിയ്ക്ക് മൂന്ന് തലാഖ് ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമായിരിക്കും. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ശിപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുന്‍പില്‍ വയ്ക്കാനാണ് നീക്കം. 


ആരെങ്കിലും നല്‍കുന്ന പാരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്നതായിരുന്നു മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇത് തിരുത്തി, കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.  കൂടാതെ, കഴിഞ്ഞ വര്‍ഷം ലോകസഭ പാസാക്കിയ മുസ്ലിം വനിതാവകാശ ബില്ലിലെ വ്യവസ്ഥകളെല്ലാം ഓര്‍ഡിനന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. 


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദ വോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.


ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വളരെ നിര്‍ണ്ണായകമായ നീക്കമാണ് ഈയവസരത്തില്‍ കേന്ദ്രം നടത്തിയിരിക്കുന്നത്. അതിലുപരിയായി, വളരെക്കാലമായുള്ള മുസ്ലിം വനിതകളുടെ നിലവിളി ഒടുക്കം സര്‍ക്കാര്‍ ശ്രവിച്ചിരികുകയാണ്.