ന്യൂഡല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന്‍ ആശുപതിയില്‍ ചികിത്സയിലായിരുന്ന ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടിയെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.  


ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കണമെന്ന്‍ കോടതി ഇന്നലെത്തന്നെ ഉത്തരവിട്ടിരുന്നു.


ഉത്തര്‍പ്രദേശില്‍ താമസിക്കാന്‍ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഭയമായതിനാല്‍ ഡല്‍ഹിയില്‍ സൗകര്യമൊരുക്കണമെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഈ ഉത്തരവ്. 


തല്‍ക്കാലം പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും എയിംസിലെ ജയപ്രകാശ് നാരായണന്‍ സെന്ററിലെ ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ ജഡ്ജി നിർദേശിച്ചു.


ജൂലൈ 28 നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍ വച്ച് ട്രക്കിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട്‌ അമ്മായിമാര്‍ അപ്പോള്‍ തന്നെ കൊല്ലപ്പെട്ടിരുന്നു.  ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയേയും വക്കീലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് ഈ അപകടമെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.


ലഖ്നൗവിലെ കിംഗ്‌ ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എയിംസില്‍ എത്തിച്ചത്.ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതോടെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.