ലഖ്നൗ: അലഹബാദിന് പുതിയ പേര്, ചരിത്ര പ്രാധാന്യമുള്ള ഈ നഗരം ഇനിമുതല്‍ 'പ്രയാഗ് രാജ്' എന്നാവും അറിയപ്പെടുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുമാറ്റല്‍ സംബധിച്ച പ്രമേയം വ്യാഴാഴ്ച ഉത്തര്‍ പ്രദേശ്‌ മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ, പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട  വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കുമെന്നും വക്താവ് അറിയിച്ചു. 


കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി സര്‍ക്കാരിന്‍റെ തീരുമാനം. അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടിയെന്നാണ് സൂചന. അടുത്ത കുംഭമേള നടക്കുക 2019 ജനുവരി 15നാണ്. എങ്കിലും കുംഭമേളയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പോസ്റ്ററുകളില്‍ അലഹബാദിന് പകരം 'പ്രയാഗ് രാജ്' എന്നാണ് കാണപ്പെടുന്നത്. 


അലഹബാദിന്‍റെ പഴയ പേര് പ്രയാഗ് എന്നായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് അക്ബര്‍ ഗംഗാ യമുനാ സംഗമസ്ഥാനത്ത് കോട്ട പണിതതോടെ അതിന് ‘ഇലാഹ് ആബാദ്' (ദൈവത്തിന്‍റെ നാട്) എന്ന് നാമകരണം ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രത്തില്‍ പറയുന്നത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് പിന്നീട് അലഹബാദ് എന്നു പേരുമാറ്റിയത്.


കൂടാതെ ബ്രഹ്മാവ് നടത്തിയ പത്ത് യാഗങ്ങളില്‍ ആദ്യത്തേത് പ്രയാഗിലായിരുന്നുവെന്നും പുരാണത്തില്‍ പറയുന്നു. പ്രയാഗിലെ രാജാവ് എന്ന അര്‍ഥത്തിലാണ് പ്രയാഗ്‌രാജ് എന്ന പേരെന്നും ആദിത്യനാഥ് വ്യക്തമാക്കി. 


ഗംഗ, യമുന നദികള്‍ സംഗമിക്കുന്ന സ്ഥലമാണ് അലഹബാദ്. പ്രയാഗ് എന്ന വാക്കിന് നദീസംഗമസ്ഥലം എന്നാണ് അര്‍ത്ഥം.