ലഖ്നൗ: പശുക്കളുടെ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ രംഗത്ത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നവര്‍ക്ക് മാസംതോറും കൂലി നല്‍കാനാണു സര്‍ക്കാരിന്‍റെ പുതിയ പദ്ധതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പശുക്കള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാന്‍ ഈ പദ്ധതി കൊണ്ടുവന്നതെന്നാണ് സൂചന. 


അലഞ്ഞുതിരിയുന്ന പശുക്കളെ സര്‍ക്കാരിന് കീഴിലുള്ള ഗോശാലകളില്‍ കൊണ്ടുവന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവയുടെ പരിപാലനം സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


ഈ ഗോശാലകളിലെ പശുക്കളെ ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെ മാസംതോറും പണം നല്‍കും. ഒരു പശുവിന് ദിവസം 30 രൂപ കണക്കിലാണ് ലഭിക്കുക. അതായത് ഒരാള്‍ക്ക് പ്രതിമാസം 900 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉതകുന്നതാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വാദം.


ഓരോ മാസവും ബാങ്കിലൂടെ ഇത് കൈമാറുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 109 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചിരിക്കുന്നത്.


പുതിയ പദ്ധതിയിലൂടെ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. നിലവില്‍ ഒരു ലക്ഷത്തിലേറെ പശുക്കളെയാണ് ഗോശാലകളില്‍ പരിപാലിച്ചുവരുന്നത്. 


ഉത്തര്‍പ്രദേശില്‍ ആകെ 205 ലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ 12 ലക്ഷത്തോളം പശുക്കള്‍ തെരുവില്‍ അലഞ്ഞുതിരിയുന്നതാണെന്നും കണക്കുകളില്‍ പറയുന്നു.