Uttarakhand Avalanche: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ 10 പേർ മരിച്ചു; കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു
Avalanche: ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന 34 പർവതാരോഹകരെയും ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് പരിശീലകരെയും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ദ്രൗപതി ദണ്ഡ 2 കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ 10 പർവതാരോഹകർ മരിച്ചതായി അധികൃതർ അറിയിച്ചു. ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന 34 പർവതാരോഹകരെയും ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് പരിശീലകരെയും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും അതിൽ നാലെണ്ണം കണ്ടെടുത്തതായും എൻഐഎം പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്ത് പറഞ്ഞു.
മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണെന്നാണ് സൂചന. എട്ട് പേരെ രക്ഷപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്ച രാത്രി 8.45 ന് ആണ് പർവതാരോഹക സംഘം ഹിമപാതത്തിൽ അകപ്പെട്ടത്. ഇതുവരെ എട്ട് പർവതാരോഹകരെ രക്ഷപ്പെടുത്തിയതായും നിരവധി പേരെ കാണാതായതായും ഡിജിപി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന പർവതാരോഹകരെ രക്ഷിക്കാൻ ഇന്ത്യൻ എയർഫോഴ്‌സിന്റെ 2 ചീറ്റ ഹെലികോപ്റ്ററുകൾ വിന്യസിച്ചതായി വ്യോമസേന ഉദ്യോഗസ്ഥൻ അറിയിച്ചു.
ALSO READ: Arunachal Avalanche: അരുണാചലിലെ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനീകരും മരിച്ചു
ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിൽ തുടർച്ചയായി കനത്ത മഞ്ഞുവീഴ്ചയുണ്ടെന്ന് ഉത്തരാഖണ്ഡ് എസ്ഡിആർഎഫ് കമാൻഡന്റ് മണികാന്ത് മിശ്ര എഎൻഐയോട് പറഞ്ഞു. എൻഐഎം പർവതാരോഹകരെ രക്ഷിക്കാൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വഴിയുള്ള ശ്രമങ്ങൾ തുടരുകയാണ്. ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിൽ ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 ട്രെയിനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വിറ്ററിൽ കുറിച്ചു.
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്ഡിആർഎഫ്), ആർമി, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിലെ ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം രക്ഷപ്പെടുത്താൻ എൻഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ദ്രുതഗതിയിലുള്ള ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്തു.
ALSO READ: ജമ്മുകശ്മീരിലെ സോണമാർഗിൽ മഞ്ഞു മലയിടിഞ്ഞ് വീണ് ഒരു സൈനികന്‍ മരിച്ചു
ഡെറാഡൂണിലെ സഹസ്‌ത്രധാര ഹെലിപാഡിൽ നിന്ന് പുറപ്പെട്ട എസ്‌ഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി ദ്രൗപതി ദണ്ഡ 2 പർവതത്തിലെത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചതായും മുഖ്യമന്ത്രി ധാമി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഹിമപാതത്തിൽ മരിച്ചവരുടെ ദുഖത്തിൽ പങ്കുചേരുന്നതായി ട്വിറ്ററിൽ കുറിച്ചു. "ഉത്തർകാശിയിലെ നെഹ്‌റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പർവതാരോഹണ പര്യവേഷണത്തിൽ ഹിമപാതത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു," രാജ്‌നാഥ് സിംഗ് ട്വീറ്റിൽ പറഞ്ഞു.
"ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി. ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന പർവതാരോഹകരെ സഹായിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ വ്യോമസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു" രാജ്നാഥ് സിംഗ് പറഞ്ഞു. ഗംഗോത്രി മേഖലയിൽ 18,000 അടി ഉയരത്തിലാണ് ദ്രൗപതി ദണ്ഡ പർവതം സ്ഥിതി ചെയ്യുന്നത്. പർവതാരോഹകരുടെ ഇഷ്ടകേന്ദ്രമാണിത്. വ്യോമസേനയുടെ ഹെലികോപ്ടറുകളിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ALSO READ: ഹിമപാതം: കുല്‍ഗാമില്‍ കാണാതായ 10 പേരില്‍ 3 പേരെ രക്ഷപെടുത്തി
ഐടിബിപിയുടെ 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷപ്പെടുത്തിയവരെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. രാത്രിവരെ രക്ഷാപ്രവർത്തനം തുടർന്നിരുന്നു. പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവച്ചു. ബുധനാഴ്ച രാവിലെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...