ഹിമപാതം: കുല്‍ഗാമില്‍ കാണാതായ 10 പേരില്‍ 3 പേരെ രക്ഷപെടുത്തി

ജമ്മു-കാശ്മീരിലെ കുൽ​ഗാമിലുണ്ടായ കനത്ത മ‍ഞ്ഞ് വീഴ്ചയിൽ കാണാതായ 10 പൊലീസുകാരില്‍ 3 പേരെ രക്ഷപെടുത്തി. 

Last Updated : Feb 8, 2019, 03:39 PM IST
ഹിമപാതം: കുല്‍ഗാമില്‍ കാണാതായ 10 പേരില്‍ 3 പേരെ രക്ഷപെടുത്തി

ശ്രീന​ഗർ: ജമ്മു-കാശ്മീരിലെ കുൽ​ഗാമിലുണ്ടായ കനത്ത മ‍ഞ്ഞ് വീഴ്ചയിൽ കാണാതായ 10 പൊലീസുകാരില്‍ 3 പേരെ രക്ഷപെടുത്തി. 

രക്ഷപെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കൂടാതെ, മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

ശ്രീന​ഗർ-ജമ്മുകാശ്മീർ ദേശീയ പാതയിൽ ജവഹർ ടണലിന് സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് അപകടമുണ്ടായത്. പൊലീസ് പോസ്റ്റിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആകെയുണ്ടായിരുന്ന ഇരുപത് പേരിൽ പത്ത് പേർ രക്ഷപ്പെട്ടു. 

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഏജൻസികൾ എല്ലാവരും രം​ഗത്തെത്തിയതായി പൊലീസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശത്ത് നിന്ന് 78 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ജമ്മു കാശ്മീരിലെ മിക്കവാറും ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിമാന​ സർവ്വീസുകൾ, റോഡ് ​ഗതാ​ഗതം എന്നിവ റദ്ദാക്കി. പ്രദേശത്ത് പലയിടത്തും വൈദ്യുതി ലഭ്യതയും ഇല്ലാതായിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ച മുതല്‍ കനത്ത മഞ്ഞു വീഴ്ചയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കുൽ​ഗാമിലും കിഴക്കന്‍ കശ്മീരിലുമാണ് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. കുൽ​ഗാ൦ ജില്ലയിലെ ചില പ്രദേശങ്ങളില്‍ 5 അടിയോളം ഉയരത്തിലാണ് മഞ്ഞടിഞ്ഞിരിക്കുന്നത്. 

അടുത്ത 24 മണിക്കൂറില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൂടാതെ, ഈ നിര്‍ദ്ദേശം ജമ്മു-കാശ്മീരിലെ 16 ജില്ലകള്‍ക്ക് ബാധകമാണെന്നും അറിയിപ്പുണ്ട്. 

 

Trending News