ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ചയായി വൈദ്യസഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രമുഖ അഭിഭാഷകന്‍ മഹേഷ്‌ ജഠ്മലാനി മകനാണ്. 


വാജ്‌പേയ് മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കേസുകള്‍ വാദിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യസഭാംഗവും സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായിരുന്നു.


സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അദ്ദേഹം തന്‍റെ നിയമപ്രവീണ്യം തെളിയിച്ചിരുന്നു. 1959 ലെ നാനാവതി കേസാണ് അദ്ദേഹത്തെ രാജ്യമറിയുന്ന അഭിഭാഷകനാക്കിയത്.രാജീവ്ഗാന്ധി പ്രതികള്‍ക്കുവേണ്ടിയും അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയ്ക്കെതിരെയും അദ്ദേഹം വാദിച്ചിരുന്നു.


ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം അവസാനകാലത്ത് നരേന്ദ്രമോദി സര്‍ക്കാരിന്‍റെയും ബിജെപിയുടേയും വലിയ വിമര്‍ശകനായിരുന്നു.


പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖാര്‍പൂറില്‍ 1923 സെപ്റ്റംബര്‍ 14 നായിരുന്നു ജഠ്മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജഠ്മലാനി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്.