വിക്രം ലാന്‍ഡര്‍ കണ്ടെത്താനാകാതെ നാസ!!
ഇന്ത്യയുടെ ചന്ദ്രയാന്‍-2വിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുവെന്ന വസ്തുത ഉറപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ!!
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-2വിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുവെന്ന വസ്തുത ഉറപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ!!
ഒപ്പം, വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളും നാസ പുറത്തുവിട്ടു. എന്നാല്‍ വിക്രം ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്നതു സംബന്ധിച്ച കൃത്യമായ സ്ഥാനം കണ്ടെത്താനായിട്ടില്ലെന്നും നാസ വ്യക്തമാക്കി.
ചിത്രം പകര്‍ത്തിയ സമയത്ത് വെളിച്ചം കുറവായിരുന്നു. പല മേഖലകളും നിഴലിനു കീഴിലായിരുന്നു. ഇതുമൂലമാകാം ചിത്രത്തില്‍ വിക്രം ലാന്‍ഡറിനെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്നും നാസ വ്യക്തമാക്കി.
നാസയുടെ ലുണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ കാമറയാണ് ചിത്രം പകര്‍ത്തിയത്. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17നാണ് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
അടുത്ത ഘട്ടത്തില്‍ ഒക്ടോബര്‍ 14ന് ലുണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവത്തിനു മുകളിലൂടെ വീണ്ടും സഞ്ചരിക്കും. ഈ സമയത്ത് കൂടുതല്‍ മികച്ച വെളിച്ചം ഈ മേഖലയില്‍ ഉണ്ടാവുമെന്നും ആ സമയം മികച്ച ചിത്രമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും നാസ വ്യക്തമാക്കി.
ബഹിരാകാശ ഗവേഷണചരിത്രത്തില്‍ ഇന്ത്യയുടെ ചരിത്ര അധ്യായമായി മാറുമായിരുന്ന ചന്ദ്രയാന്‍-2വിന്, ദൗത്യ പൂര്‍ത്തീകരണത്തിന് വെറും മിനിട്ടുകള്‍ക്ക് മുന്‍പാണ് ഐഎസ്അര്ഒയുമായി ആശയവിനിമയ ബന്ധം നഷ്ടമായത്. തുടര്‍ന്ന് വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാവാതെ വരുകയും ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയുമായിരുന്നു.