മുംബൈ: മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ റിസർവ്​ ബാങ്ക്​. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 20 മുതൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയർത്തി. നിലവിൽ ഇത് 24,000 രൂപ ആയിരുന്നു. രണ്ടാം ഘട്ടമായി മാർച്ച് 13 മുതല്‍ നിയന്ത്രണം പൂർണമായും ഒഴിവാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട്​ പിൻവലിക്കൽ മൂലം താൽകാലികമായി സമ്പദ്​വ്യവസ്​ഥയിൽ മാന്ദ്യമുണ്ടായതായും റിസർവ്​ ബാങ്ക്​ പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നുമുതൽ തന്നെ കറൻറ്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ റിസർവ്​ ബാങ്ക്​ ഇളവ്​ വരുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പണം പിൻവലിക്കലിന്​ കൂടുതൽ ഇളവുകൾ റിസർവ്​ ബാങ്ക്​ നൽകുന്നത്​.


അതേസമയം, റിസർവ്​ ബാങ്കിന്‍റെ വായ്​പനയവും ഇന്ന്​ പ്രഖ്യാപിച്ചു. പുതിയ വായ്​പ നയത്തിൽ റിപ്പോ നിരക്കിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. 


ഈ സാമ്പത്തിക വർഷത്തിൽ രണ്ട്​ തവണ റിസർവ്​ ബാങ്ക്​ റിപ്പോ നിരക്കിൽ കുറവ്​ വരുത്തിയിരുന്നു. ഇതിന്​ ശേഷമാണ്​ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​ പുതിയ വായ്​പനയം പ്രഖ്യാപിച്ചിരിക്കുന്നത്​.