ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വനിതാ കമ്മീഷന്‍റെ ശുപാർശ തള്ളണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ജോർജ് കുര്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചത്.


ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ ശുപാർശ, പള്ളികളുടെ വിശ്വാസ്യത തകർക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും, ക്രിസ്ത്യാനികളുടെ മത വികാരം വ്രണപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.


വനിതാ കമ്മീഷന്‍റെ നിർദ്ദേശം ഭരണഘടന വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



അതേസമയം വനിതാ കമ്മീഷന്‍റെ നിലപാട് സര്‍ക്കാര്‍ നിലപാടല്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തി.


കുമ്പസാരത്തിലൂടെ വനിതകള്‍ ബ്ലാക്മെയില്‍ ചെയ്യപ്പെടുന്നതായി സൂചിപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരുന്നു.


കേരളത്തില്‍ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നും സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്നും രേഖ ശര്‍മ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.