കേരള തീരത്ത് കടലാക്രമണം ശക്തമാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.


വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളിലാണ് തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളത്. 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 


അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടല്‍പ്രക്ഷുബ്ദമായി തുടരുകയാണ്. മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 


കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും കൃഷിയും നശിച്ചു. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജില്ലാ, താലൂക്ക് തലങ്ങളിൽ ഇൻസിഡന്‍റ് റെസ്പോണ്‍സ് സമിതി രൂപീകരിച്ചു. 


ജില്ലയിൽ ഇതുവരെ 13 വീടുകൾ ഭാഗികമായി തകർന്നു. നാലര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തൃശൂരിൽ തീരമേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.


കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ടും ചാവക്കാട് താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നു. എറിയാട്, എടവിലങ്ങു വില്ലേജുകളിലാണ് മഴക്കെടുതി രൂക്ഷം.


കടലാക്രമണ ഭീതിയിലാണ് കാസർകോട് ഉപ്പള മുസോടിയിലെ തീരദേശവാസികൾ. ഇത്തവണ കാലവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ 300 മീറ്ററോളം കര കടലെടുത്തു.


പ്രദേശത്തെ നമസ്കാര പള്ളി ഭാഗികമായി ശക്തമായ തിരയിൽ തകർന്നു. ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ കുറവുണ്ട്.