തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂര്‍ 27,   മലപ്പുറം 14 , കോഴിക്കോട്  13,  കാസര്‍ഗോഡ്  8,  കൊല്ലം 5, ആലപ്പുഴ 5, കണ്ണൂര്‍  4, തിരുവനന്തപുരം 3, പത്തനംതിട്ട 3, കോട്ടയം 3,  എറണാകുളം 3, വയനാട് 2 പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല  അടിസ്ഥാനമാക്കിയുള്ള പട്ടിക. 


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.


പതിവ് കോവിഡ്   അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.


രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.


അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 


ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.