21 അംഗങ്ങളുള്ള മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനം, മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും: എ വിജയരാഘവൻ
സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും
തിരുവനന്തപുരം: 21 അംഗങ്ങളുള്ള സർക്കാർ രൂപീകരിക്കാൻ എൽഡിഎഫ് (LDF) യോഗത്തിൽ തീരുമാനമായതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ടേം, തുടർന്ന് കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നിവ രണ്ടാം ടേമിലും മന്ത്രിസ്ഥാനം വഹിക്കുമെന്ന് എ വിജയരാഘവൻ (A Vijayaraghavan) വ്യക്തമാക്കി.
സ്പീക്കർ സ്ഥാനം സിപിഎമ്മിനാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്ക്. ചീഫ് വിപ്പ് കേരള കോൺഗ്രസ് എമ്മിന് എന്നിങ്ങനെയാണ് തീരുമാനങ്ങൾ. വിവിധ മന്ത്രിമാർ വഹിക്കുന്ന വകുപ്പുകൾ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. ഇതിനായി എൽഡിഎഫ്, മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഒവിവാക്കിയാണ് സത്യപ്രതിജ്ഞ (Swearing Ceremony) നടത്തുക. 18ന് വൈകിട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും. പിന്നീട് ഔദ്യോഗിക കാര്യങ്ങളിലേക്ക് നീങ്ങുമെന്നും വിജയരാഘവൻ പറഞ്ഞു.
ALSO READ: മന്ത്രിസ്ഥാനങ്ങൾ വീതംവയ്ക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ ധാരണ; പുതുമുഖങ്ങൾക്ക് പരിഗണന
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി ചേരുന്ന യോഗം എന്ന നിലയിൽ വിജയം സമ്മാനിച്ച കേരള ജനതയോട് നന്ദി പ്രകടിപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചതിനാൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉള്ള വിധത്തിൽ മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനമെന്നും എ വിജയരാഘവൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA