കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയ കേസിൽ ചലച്ചിത്ര താരം ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം 12 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിന് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ നടത്തിയത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.


ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ ദിലീപിന്‍റെ ജാമ്യഹര്‍ജി ഇതേ ബെഞ്ച് പരിഗണിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.


അതേസമയം, നടന്‍ ദിലീപിനെ ജയിലിൽ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. 


തൃശൂരില്‍ നടന്ന സിറ്റിങ്ങിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി സമര്‍പ്പിച്ചത്. ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്പിയോട് കമ്മിഷന്‍ വിശദീകരണം തേടും.