കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് പൊലീസ് ചോർത്തി നല്‍കിയെന്ന ദിലീപിന്‍റെ ഹർജി വിധിപറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസിൽ പൊലീസിന്‍റെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. കുറ്റപത്രം ചോര്‍ന്നതില്‍ പോലീസിന് പങ്കില്ലെന്നും പ്രതിഭാഗമാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഫോൺ രേഖകളടക്കമുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നും ദിലീപ് ഹരിഛന്ദ്രനല്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്‍റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇതിനെ തടയാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.നിര്‍ണായകമായ ഫോണ്‍രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, മറ്റ് മാര്‍ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്‍റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ലെന്നും, പൊലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 


കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്‍റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്‍റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് ചോര്‍ന്നത്. കോടതി പരിശോധിച്ച് അംഗീകരിക്കും മുന്‍പായിരുന്നു ഇത്. പൊലീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.