തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂര്‍. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു.


രാജ്യത്ത് മതേതരത്വം അപകടത്തിലാണെന്നും രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ 49 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും അവര്‍ കത്തിലൂടെ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്‍റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ കത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പിട്ടിരുന്നു. 


ഇതാണ് ഒരുപറ്റം ആളുകളെ പ്രകോപിപ്പിച്ചത്. ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരെ ആദ്യം രംഗത്തെത്തിയത്. വളരെ രൂക്ഷമായ ഭാഷയില്‍ ബി. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ അടൂരിനെ പുശ്ചിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. 


"ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ മോദിയ്ക്ക് വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്‍റെ വീടിന്‍റെ മുന്നിലും വിളിക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.