തിരുവനന്തപുരം: ആഭ്യന്തരകലഹത്താല്‍ നട്ടംതിരിയുന്ന സംസ്ഥാന ബിജെപി ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനും എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ കേരളാ നേതൃത്വത്തെ ശക്തമായ രീതിയില്‍ വിമര്‍ശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്ന് അമിത്ഷാ ചൂണ്ടിക്കാണിച്ചു. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ മുന്‍ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും രാജ്യസഭാ അംഗമായി തിരഞ്ഞെടുത്ത വി. മുരളീധരനും നല്‍കിയ സ്ഥാനങ്ങള്‍  ചൂണ്ടിക്കാട്ടിയാണ് വിമശനം.


അതേസമയം കുമ്മനം രാജശേഖരന്‍റെ പിൻഗാമിയെ കണ്ടെത്താനാവാതെ വിഷമിക്കുന്ന സംസ്ഥാന ഘടകത്തില്‍ പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ നേതൃയോഗം യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് അമിത്ഷാ ചോദിച്ചില്ലെന്ന്‍ പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കളും വ്യക്തമാക്കി.


കേരളാ ബിജെപിയിലെ പ്രതിസന്ധികൾ അതിഗൗരവത്തോടെയാണ് ദേശീയ അദ്ധ്യക്ഷന്‍ സമീപിച്ചത്.


സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ നീണ്ടുപോകുന്നത് പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കുമെന്ന കൃത്യമായ സന്ദേശം ആർഎസ്എസ് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ പദവിയിൽ നിന്നു നീക്കിയത് ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു. കുമ്മനത്തിനു പകരം ആർഎസ്എസ് മുന്നോട്ടുവച്ച പേരുകൾക്കും ദേശീയ നേതൃത്വം പരിഗണന നൽകിയിയിരുന്നില്ല.


ദേശീയ സഹ സംഘടനാ സെക്രട്ടറി ബി. എൽ സന്തോഷ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. മുരളീധർ റാവു, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻ കുമാർ കട്ടീൽ എംപി എന്നിവരും യോഗത്തിൽ പങ്കെടുത്തു.