തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് വ്യക്തമാക്കി. ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണം അവസാനിപ്പിക്കണം. പദ്ധതി കേരളത്തിന് അനിയോജ്യമല്ലെന്നും വി.എസ് പറഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത് എന്നും വിഎസ് ചൂണ്ടിക്കാട്ടി.


അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞിരുന്നു. വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അധികാരത്തിലെത്തുന്നതിന് മുന്‍പ് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം നിലപാട് മാറ്റുകയും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


പദ്ധതിയെ എതിര്‍ത്ത് സി.പി.ഐയും പുഴ സംരക്ഷണ സമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.