തിരുവനന്തപുരം: എ.ടി.എം കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിലെത്തി തെളിവെടുപ്പ് നടത്തും. തട്ടിപ്പ് സംഘം പണം പിൻവലിച്ച എടിഎമ്മുകളിലും ഇവർ താമസിച്ച ഹോട്ടലുകളിലുമാണ് തെളിവെടുപ്പ് നടത്തുക. മുംബൈയിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷം പണം പിൻവലിച്ചത് മുംബൈയിൽ നിന്നായതുകൊണ്ടാണ്  മുംബൈയിലെത്തി അന്വേഷണം നടത്തുന്നത്. കൂടാതെ, തട്ടിപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായി മുംബൈയില്‍ നിരവധി സ്ഥലങ്ങളിൽ ഗബ്രിയേലും കൂട്ടാളികളും തങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി അന്വേഷണം മുംബൈയില്‍ പുരോഗമിക്കേണ്ടത് അനിവാര്യം. 


ഗബ്രിയേൽ അറസ്റ്റിലായ ശേഷവും മുംബൈയിൽ നിന്ന് പണം പിൻവലിച്ചിരുന്നു. പണം പിൻവലിച്ചയാളെ തിരിച്ചറിഞ്ഞപ്പോഴേക്കും  മുംബൈ വിമാനത്താവളം വഴി പ്രതിയായ കൊസ്മേ രാജ്യം വിട്ടിരുന്നു. കേരളത്തിൽ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് മുംബൈയിലാണ് സംഘം വ്യാജ കാർഡുകൾ നിർമ്മിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.  ഗബ്രിയേലിനെ കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലെത്തിച്ച് തെളിവെടുത്തിരുന്നു.