തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ കേരളത്തില്‍ നിന്നും കടന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

അര്‍ജ്ജുന്‍ കേരളത്തില്‍ എത്തിയ വിവരം ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനുശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ഇപ്പോഴത്തെ തീരുമാനം.


കേസില്‍ മൂന്ന് തവണ മൊഴി മാറ്റിയിരുന്നതാണ് അര്‍ജ്ജുന്റെ മേലില്‍ ക്രൈംബ്രാഞ്ചിനു സംശയം കൂടാന്‍ കാരണം. ഇയാള്‍ അസമില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് താന്‍ അല്ലെന്നും എന്നാല്‍ ഇയാള്‍ ആണ് വണ്ടി ഓടിച്ചതെന്നുമാണ് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. 


മാത്രമല്ല അപകടസ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷികളില്‍ ചിലരും ബാലഭാസ്ക്കര്‍ വണ്ടിയുടെ പിന്നിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഒരിക്കല്‍ താന്‍ ആണെന്ന് പറഞ്ഞ അര്‍ജ്ജുന്‍ പിന്നീട് ബാലഭാസ്ക്കറാണ് വണ്ടി ഓടിച്ചതെന്ന് മൊഴി മാറ്റിയതാണ് ക്രൈംബ്രാഞ്ചിനു തലവേദന ആയത്. 


അതും കഴിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹരികൃഷ്ണ‍ന്‍റെ നേതൃത്വത്തിലുള്ള സംഘം അര്‍ജ്ജുനെ  ചോദ്യം ചെയ്തപ്പോള്‍ വണ്ടി ഓടിച്ചത് ആരാണെന്നു ഓര്‍മ്മയില്ലെന്നായിരുന്നു ഇയാളുടെ മൂന്നാമത്തെ മൊഴി. 


ഇത്തരം വൈരുദ്ധ്യങ്ങളായ മൊഴികളാണ് ക്രൈംബ്രാഞ്ചിന് അര്‍ജ്ജുനില്‍ കൂടുതല്‍ സംശയം ഉണ്ടാക്കുന്നത്.


ബാലഭാസ്ക്കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടേയും പ്രേരണയില്‍ അല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഹോട്ടലില്‍ മുറി ബുക്ക്‌ ചെയ്തപ്പോള്‍ തന്നെ രാത്രി തങ്ങില്ലയെന്ന് ബാലഭാസ്ക്കര്‍ പറഞ്ഞിരുന്നുവെന്ന് ക്രൈംബ്രാഞ്ചിനു തെളിവ് ലഭിച്ചു. 


രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.