തിരുവനന്തപുരം:  ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആരോപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണം ആവശ്യപ്പെട്ട് പതിനൊന്നോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. തുടരന്വേഷണം വേണമെന്ന് തന്നെയാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. ഇത് കോടതിയും അംഗീകരിക്കുകയായിരുന്നു.


ബാര്‍ക്കോഴക്കേസില്‍ സമാനതകളില്ലാത്ത നടപടികളാണ് കോടതിയില്‍ അരങ്ങേറിയത്.എഡിജിപി ശങ്കര്‍ റെഢിക്കെതിരെ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ആരോപണം സുകേശന്‍ ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു. ശങ്കർ റെഡ്ഡി കേസ് ഡയറിയിൽ നിർബന്ധിച്ച് കൃത്രിമം കാണിച്ചു എന്നും സുകേശൻ ആരോപിച്ചിരുന്നു. എന്നാല്‍, നിലവിലെ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവിയായ ശങ്കര്‍ റെഢിക്കതിരെ സുകേശന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് കോടതി പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. 


അന്വേഷണ ചുമതല ആര്‍ക്കാണെന്ന കാര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്നും നിർദേശമുണ്ടായിട്ടില്ല. ഇക്കാര്യം വിജിലൻസ് ഡയറക്ടര്‍ ഡയറക്ടര്‍ ജേക്കബ് തോമസായിരിക്കും തീരുമാനിക്കുക.