ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതായി സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യകക്ഷികള്‍ തനി നിറം കാട്ടിത്തുടങ്ങി. ടിഡിപി, ശിവസേന, ജെഡിയു തുടങ്ങിയ സഖ്യകക്ഷികള്‍ ബിജെപിയുമായി അത്ര രസത്തിലല്ല എന്നത് പുറത്തായ വസ്തുത തന്നെ. 


കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു ലോക്സഭാ സീറ്റ് നേടുക എന്നത് കഴിഞ്ഞ തവണയും കിട്ടാക്കനിയായി അവശേഷിച്ചിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം സഖ്യ കക്ഷിയായ ബിഡിജെഎസ് വോട്ട് ബാങ്ക് നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. 


എന്നാല്‍ ഇപ്പോഴിതാ, ബിജെപിയുടെ മറ്റ് സഖ്യകക്ഷികളെപ്പോലെ ആവശ്യങ്ങളുമായി ബിഡിജെഎസ് രംഗത്തെത്തി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 8 സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, ആറ്റിങ്ങല്‍ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.


കൂടാതെ, ബിഡിജെഎസ് ഇല്ലാത്ത ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ അനുഭവം തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 


ആഗസ്റ്റ് 9 ന് എന്‍ഡിഎ സീറ്റ് ചര്‍ച്ച നടക്കാനിരിക്കെയാണ് മുന്നറിയിപ്പുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയത്. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തുഷാറിന്‍റെ പ്രതികരണം. 


അതേസമയം, ചതയ ദിനാഘോഷത്തിന്‍റെ ചടങ്ങുകളില്‍ മുഖ്യാതിഥിയാകാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.