തൃശ്ശൂര്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി  സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഡിജെഎസിന്‍റെ മുന്നണിമാറ്റം, മാധ്യമസൃഷ്ടിയാണ്. അരൂരില്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ബിഡിജെഎസ്, എന്‍ഡിഎ വിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും തുഷാര്‍ പറഞ്ഞു. 


ബിഡിജെഎസ്, എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ബിജെപി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെന്നും കൂടാതെ, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെയാണ് ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളലുണ്ടായത്. ഇതിനു പിന്നാലെ പാര്‍ട്ടി എന്‍ഡിഎ വിടുന്നുവെന്ന് വാര്‍ത്തയും വന്നിരുന്നു. 


ഈ വാര്‍ത്ത ശരിയല്ലെന്നാണ് കോന്നിയില്‍ എന്‍ഡിഎയുടെ പ്രചാരണ വേദിയില്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. കൂടാതെ, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുമറിക്കല്‍ ഉണ്ടായിട്ടില്ലെന്നും വേണമെങ്കില്‍ കണക്കുകള്‍ പരിശോധിക്കാമെന്നും തുഷാര്‍ പ്രതികരിച്ചു.


അതേസമയം, എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.