മുംബൈ: ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിനോയ് ഡിഎൻഎ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി നിർദേശിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്. 


ബീഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡിഎന്‍എ ടെസ്റ്റ്‌ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളിൽ ഡിഎൻഎ പരിശോധന ഫലം സമർപ്പിക്കാനും നിർദേശിച്ചു.


പരിശോധനഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു. 


ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചത്. 


അതിനിടെ  ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകൾ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭാഷകര്‍ കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം. 


ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.   


കേസ് അടുത്തമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. 


ദുബായ് ഡാൻസ്ബാറിൽ ജോലിക്കാരിയായിരുന്ന ബീഹാർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിയാലാണ് നേരത്തെ ബിനോയിക്കെതിരെ മുംബൈ ഓഷിവാര പോലീസ് കേസെടുത്തത്. 
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.