തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കമ്മീഷണര്‍ നടപ്പാക്കുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി അറിയാതെ എന്നതിനാലും പല കാര്യങ്ങളിലും രണ്ടു പേരും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ നടപടി.വെള്ളിയാഴ്ച നടക്കാനിരിക്കുന്ന  മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തച്ചങ്കരിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായി ഗതാഗതമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. എന്‍.സി.പി സംസ്ഥാന നേതൃത്വവും തച്ചങ്കരിയെ മറ്റണമെന്ന ആവശ്യം ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നു. തച്ചങ്കരി വകുപ്പ് മന്ത്രിയെ അവഗണിച്ച് മുന്നോട്ടുപോകുന്നതായി മന്ത്രി എ കെ ശശീന്ദ്രനും പരാതി ഉണ്ട്.


തച്ചങ്കരിയുടെ പലനിലപാടുകളും സര്‍ക്കാരിനും ഗതാഗത വകുപ്പിനും തലവേദന ഉണ്ടാക്കുകയാണ്. മന്ത്രിപോലും അറിയാതെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്‍ക്കാരിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല എന്ന തീരുമാനമടക്കം തച്ചങ്കരിയെടുത്ത പല തീരുമാനങ്ങളും വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണെന്ന് ഗതാഗത മന്ത്രി പരസ്യമായി പറഞ്ഞിരുന്നു.


ജന്മദിനാഘോഷം വിവാദമായതോടെ കോഴിക്കോട് മന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ വെച്ച്‌ ടോമിന്‍ ജെ തച്ചങ്കരി ബുധനാഴ്ച സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് സ്ഥാനത്തെ പല ആര്‍ടിഒ ഓഫിസുകളിലും ലഡു വിതരണം ചെയ്ത് തന്‍റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്.