മലപ്പുറം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ താഴെയിടുമെന്ന് ഭീഷണി മുഴക്കിയതിന്‍റെ പകുതി ശൗര്യം അമിത് ഷാ ഈ വിഷയത്തില്‍ നിയമം കൊണ്ടുവരുന്നതിന് കാണിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരിക എന്നത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചടത്തോളം അസാധ്യമായ കാര്യമല്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ശബരിമല സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു രാഷ്ട്രീയവിഷയമാണ്. കാരണം രണ്ട് കൂട്ടര്‍ക്കും ഇതില്‍ നേട്ടമുണ്ട്. ആ നേട്ടം ഇരുപാര്‍ട്ടികളും ചേര്‍ന്ന് വീതിക്കുകയാണ്. ഒരു വിഭാഗം ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍കരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


ശബരിമല വിഷയത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍, ഒത്തുകളി രാഷ്രീയം നടത്തി ഇരുവരും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. മിതത്വം പാലിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന യു.ഡി.എഫ് നിലപാടിന് ഒപ്പമായിരിക്കും ജനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


മലപ്പുറത്ത്‌ മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


അതേസമയം, ശബരിമല വിഷയത്തിൽ സംഘർഷം വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു.
 
കുളം കലക്കി മീന്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അമിത് ഷായുടെ അമിതാവേശ പ്രകടനം തെളിയിക്കുന്നുവെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.