തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് 49 മത്തെ ദിവസമായ ഇന്ന് ബിജെപി അവസാനിപ്പിക്കുന്നത്. സമരത്തിന്‍റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി. 


വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണ്ണ വിജയമായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. 


വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്‍റെ നിരാഹാരം രാവിലെ 10.30 നു സമരപന്തലിലെ സമാപന സമ്മേളനത്തിൽ ഗാന്ധിയൻമാരായ പി.ഗോപിനാഥൻനായർ, കെ.അയ്യപ്പൻപിള്ള എന്നിവർ ചേർന്നു നാരങ്ങാനീര് നൽകി അവസാനിപ്പിക്കും. ഭാവി സമരപരിപാടികൾ പി.എസ്.ശ്രീധരൻപിള്ള പ്രഖ്യാപിക്കും.


ആദ്യം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിച്ചത്. പത്തു ദിവസത്തിലധികം നീ​ണ്ട സമരത്തിനൊടുവിൽ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.ശിവരാജൻ, പി.എം.വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.‌ടി.രമ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.


സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും ബിജെപി രൂപം നല്‍കും. നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.


ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയേറ്റിലേക്കു മാറ്റിയതു വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീടുണ്ടായില്ലെന്നു പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു. സമരം തുടരുന്നതിനിടെ രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതു ബിജെപിക്കു തിരിച്ചടിയുമായി.