തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്‍പായി സംഘടനതലത്തില്‍ അഴിച്ചുപണിയ്ക്കൊരുങ്ങുകയാണ് ബിജെപി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് മുന്നോടിയായി, ആദ്യം സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. 


സംസ്ഥാനത്ത് സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നത്. പതിവില്‍നിന്നും വിപരീതമായി ഇത്തവണ നിരവധി പേരാണ് ഒരോ മണ്ഡലത്തിലും മത്സരരംഗത്ത്‌ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ പല മണ്ഡലങ്ങളിലും ബാലറ്റിലൂടെയാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 


ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റുമാർ, നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ജില്ലാ ഭാരവാഹികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരാണ് വോട്ട് രേഖപ്പെടുത്തിയത്. പല മണ്ഡലങ്ങളിലും കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. ചില മണ്ഡലങ്ങളിൽ ആർഎസ്എസ് പിന്തുണക്കുന്നവരും പ്രസിഡന്‍റ് സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. 


അതേസമയം, പ്രഖ്യാപനത്തിന് മുമ്പ് ബിജെപി നേതാക്കൾ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 
അതായത്, ആർഎസ്എസിന് കൂടി സ്വീകാര്യരായവരെയാകും മണ്ഡലം പ്രസിഡന്‍റുമാരാക്കുക.


എന്നാല്‍, ആർഎസ്എസ് നോമിനികളായി മത്സരിച്ച ചിലർക്ക് വിജയിക്കാനാവശ്യമായ പിന്തുണ നേടാനായില്ലെന്ന് ചില ബിജെപി നേതാക്കൾ പറയുന്നു. 


ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന് മുന്‍പ് നിയോജക മണ്ഡലം പ്രസിഡൻറുമാരുടെ പ്രായം 45ആയി നിശ്ചയിച്ചിരുന്നു.  


നിയോജക മണ്ഡലം പ്രസിഡൻറുമാരെ പ്രഖ്യാപിച്ചതിന് ശേഷമാകും ജില്ലാ പ്രസിഡൻറുമാരെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിന് ശേഷമാകും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക. 


എന്നാൽ നിലവിൽ ഗ്രൂപ്പ് പോര് രൂക്ഷമായ ബിജെപി സംസ്ഥാന ഘടകത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് എത്രമാത്രം ഗുണം ചെയ്യു൦ എന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്തന്നെ ആശങ്കയുണ്ട്. അതു കൊണ്ട് തന്നെ സംസ്ഥാന അദ്ധ്യക്ഷന്‍റെ കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യത്തിലെത്തിയ ശേഷമാകും ദേശീയ നേതൃത്വം പ്രഖ്യാപനം നടത്തുക.


താഴെ തട്ടിലെ ഭാരവാഹികളെ നിശ്ചയിച്ചതിന് ശേഷം സംസ്ഥാന പ്രസിഡൻറിനെ പ്രഖ്യാപിക്കുകയാണെങ്കിൽ ജനുവരി ആദ്യവാരത്തോടെയേ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.


അതേസമയം, അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാകാതെ ബിജെപി സംസ്ഥാന ഘടകം വലയുന്ന അവസരത്തില്‍, ജി.വി.എല്‍ നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘ൦ സംസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സംഘം സംസ്ഥാന നേതാക്കളെ ഓരോരുത്തരെയും കണ്ട് അഭിപ്രായം ആരായും. ആര്‍.എസ്.എസിന്‍റെ അഭിപ്രായവും ആരായും. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ സംസ്ഥാന ബിജെപിയ്ക്ക് പുതിയ അദ്ധ്യക്ഷനെ ലഭിക്കുമെന്നാണ് സൂചന.