സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിച്ചാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. നവോത്ഥാനത്തില്‍ പുരുഷന്‍മാര്‍ക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ ഒരു സ്ത്രീയും മതിലില്‍ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടി നടത്താന്‍ പാടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 


അതേസമയം, ശബരിമല വനിതാ പ്രവേശനം, വനിതാ മതില്‍ എന്നീ വിവാദ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളിയ എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടിനെ കെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു.  ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാട് വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്നു. തുടർന്നും വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ശബരിമലയുടെ പേര് പറഞ്ഞാൽ വനിതാ മതിൽ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 


രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കില്‍ എന്തിനാണ് ഇടത്-വലത് മുന്നണികള്‍ പരസ്പരം മത്സരിപ്പിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിച്ച് ഇടതുമുന്നണി യു.ഡി.എഫില്‍ ലയിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.